മുത്വലാഖിന്റെ മറവില്‍ ഏകസിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കത്തെ ചെറുക്കണം ഐ എസ് എം വെളിച്ചം സംസ്ഥാന സംഗമം

തൃശൂര്‍: സ്ത്രീ സമൂഹത്തിന് അഭിമാനകരമായ അസ്ഥിത്വവും അവകാശ സംരക്ഷണവും അവസര സമത്വവും പ്രദാനം ചെയ്ത വിശുദ്ധ ഖുര്‍ആന്റെ വക്താക്കളായ മുസ്‌ലിംകളെ മുത്തലാഖിന്റെ പേര് പറഞ്ഞ് വിമര്‍ശിക്കുന്നത് നീതീകരിക്കാവതല്ലെന്ന് ഐ എസ് എം വെളിച്ചം സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. മുത്തലാഖിന്റെ മറിവില്‍ മുസ്‌ലിം സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് നിയമനിര്‍മ്മാണം നടത്തുന്നത് ദുരുദ്ദേശപരമാണെന്നും മുത്തലാഖിന്റെ മറവില്‍ ഏകസിവില്‍ കോഡ് കൊണ്ട് വരാനുള്ള നീക്കത്തെ ചെറുക്കണമെന്നും സമ്മേളനം വ്യക്തമാക്കി. മുസ്‌ലിം സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന വെളിച്ചത്തെ ഊതിക്കെടുത്താവതല്ലെന്നും സമ്മേളനം വ്യക്തമാക്കി. മാനവികതക്ക് നേരെ ഉയരുന്ന മുഴുവന്‍ വെല്ലുവിളികള്‍ക്കുമുള്ള പരിഹാരം ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്നും അത് അന്വേഷിച്ചു കണ്ടെത്തേണ്ടത് മനുഷ്യരുടെ ബാധ്യതയാണെന്നും വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഏഴാം സംസ്ഥാന സംഗമം ആവശ്യപ്പെട്ടു. ഖുര്‍ആന്‍ ജീവിത ദര്‍ശനമാക്കാത്തതാണ് സമൂഹത്തില്‍ നിലനില്‍ക്കുന്ന മൂല്യച്യുതിക്ക് കാരണമെന്നും ഖുര്‍ആനെ കാലികമായി വായിച്ച് ഉത്തരം കണ്ടെത്തണമെന്നും സംഗമം ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂര്‍ ഏറിയാട് നടന്ന സംഗമം പ്രൊഫ. സഈദ് റഹ്മാന്‍ കൊല്‍ക്കത്ത ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെ നിലനില്‍പ്പിനും അസഹിഷ്ണുതയുടെ നിര്‍മ്മാര്‍ജ്ജനത്തിനും ഖുര്‍ആന്‍ പഠനം ജനകീയമാക്കല്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. വെളിച്ചം മുഖ്യ പരീക്ഷാ കണ്‍ട്രോളര്‍ ടി പി ഹുസൈന്‍ കോയ അധ്യക്ഷത വഹിച്ചു. എം അഹമ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, ഫോക്കസ് ഇന്ത്യ പ്രസിഡന്റ് പ്രൊഫ. യു പി യഹ്‌യാ ഖാന്‍, എം എം ബഷീര്‍ മദനി, ഫൈസല്‍ മതിലകം, സിറാജ് മദനി എന്നിവര്‍ പ്രസംഗിച്ചു. ഇഖ്‌റഅ് വിസ്മയ ലോകം സെഷന്‍ പ്രൊഫ. കെ പി സക്കരിയ്യ, സി പി മുസ്തഫ എടത്തനാട്ടുകര, ടി പി എം റാഫി, ഡോ. പി കെ ഷബീബ്, ഡോ. ഫുഖാറലി, ഹാഫിള് ഷജീഅ് മമ്പാട,് ആഷിഖ് അസ്ഹരി, യൂനുസ് നരിക്കുനി എന്നിവര്‍ സംസാരിച്ചു. ലോകം ഖുര്‍ആനിലേക്ക് സെഷനില്‍ അബ്ദുലത്തീഫ് കരുമ്പിലാക്കല്‍, നൗഷാദ് കുറ്റിയാടി, ഷാക്കിര്‍ ബാബു കുനിയില്‍ എന്നിവര്‍ പ്രസംഗിച്ചു. വനിതാ ലോകം സെഷന്‍ ഡോ. മേരി മെറ്റില്‍ഡ ഉദ്ഘാടനം ചെയ്തു. സല്‍മ അന്‍വാരിയ മോഡറേറ്ററായിരുന്നു. റുഖ്‌സാന വാഴക്കാട്, മുഹ്‌സിന പത്തനാപുരം, ബുഷ്‌റ നജാത്തിയ്യ, റൈഹാനത്ത് ടീച്ചര്‍, റാഫിദ ചെങ്ങരംകുളം എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന ഖുര്‍ആന്‍ സൗന്ദര്യം ആവിഷികാരം സെഷനില്‍ നൗഷാദ് കാക്കവയല്‍, നസീര്‍ ചെറുവാടി, പി സി അബൂബക്കര്‍, അബ്ദുല്‍ ഹക്കീം പുല്‍പറ്റ, ഹാഫിള് ഷഹീന്‍, ഷാദിയ ഹക്കീം എന്നിവര്‍ പ്രസംഗിച്ചു. കെ എന്‍ എം (മര്‍ക്കസ്സുദ്ദഅ്‌വ) പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വെളിച്ചം സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍ കരീം സുല്ലമി എടവണ്ണ അധ്യക്ഷത വഹിച്ചു. വെളിച്ചം എട്ടാം ഘട്ട ലോഞ്ചിംഗും ക്യു എല്‍ എസ് ഡിജിറ്റല്‍ വെര്‍ഷന്‍ റിലീംസിങ്ങും കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ അലി മദനി നിര്‍വ്വഹിച്ചു. ടൈസന്‍ മാസ്റ്റര്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി, ജനറല്‍ സെക്രട്ടറി ഫൈസല്‍ നന്‍മണ്ട, വെളിച്ചം ജനറല്‍ കണ്‍വീനര്‍ ഷാനിഫ് വാഴക്കാട്, ഇസ്മാഈല്‍ കരിയാട്, ഫസല്‍ സലഫി, ഷംസുദ്ധീന്‍ അയനിക്കോട് എന്നിവര്‍ സംസാരിച്ചു. വെളിച്ചം കണ്‍വീനര്‍ അഷ്‌റഫലി തൊടികപ്പുലം സമ്മാന വിതരണം നടത്തി. ഡോ.ലബീദ് അരീക്കോട്, ജലീല്‍ മദനി വയനാട്, ഷരീഫ് തിരൂര്‍, അബ്ദുല്‍ കരീം താനൂര്‍, എ കെ ഷറഫുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.